ന്യൂഡൽഹി: കൂട്ട അറസ്റ്റിൽ ഭയക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുംവരെ ദിവസവും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളും വിവിധ വിദ്യാർഥിസംഘടനകളും വ്യക്തമാക്കി.
തലസ്ഥാനത്ത് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്നുള്ള ഡൽഹി പൊലിസിന്റെ കർശന നടപടിയിൽ സ്ഥാപകൻ അഭിജീത് ദീപ്കെ അടക്കമുള്ള പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും കസ്റ്റഡിയിലായതിനു പിന്നാലെയാണ് സിജെപിയുടെ പ്രഖ്യാപനം. ദീപ്കെയുടെ അഭാവത്തിൽ സമരത്തിനു നേതൃത്വം നൽകാൻ ചുമതലപ്പെടുത്തിയ സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയാണ് മാധ്യമങ്ങളോടു സംസാരിച്ചത്.
നിരപരാധികളായ പ്രതിഷേധക്കാർക്കു നേരേ ക്രൂരമായ പീഡനമാണു പൊലിസ് അഴിച്ചുവിട്ടതെന്ന് നേതാക്കൾ ആരോപിച്ചു. ഇന്നലെ രാവിലെ 11ന് വിമാനം ഡൽഹിയിൽ ഇറങ്ങിയ ഉടൻതന്നെ പൊലിസ് കസ്റ്റഡിയിലെടുത്ത ദീപ്കെയെയും മറ്റുള്ളവരെയും എവിടേക്കാണു മാറ്റിയതെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു.
ഇന്നുമുതൽ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് വിദ്യാർഥി പ്രതിഷേധങ്ങൾ വ്യാപിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു.
അജിങ്ക്യ ഷിന്‍ഡെ നയിക്കും
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍നിന്ന് വിമാനത്തിലെത്തിയ സിജെപി നേതാക്കളായ അഭിജിത്ത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് വിമാനത്തിനുള്ളിൽവച്ചുതന്നെ തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതോടെ സിജെപി നേതാവ് അജിങ്ക്യ ഷിന്‍ഡെ പ്രതിഷേധത്തിന് നേതൃത്വം വഹിക്കും.
പ്രതിഷേധക്കാരോട് ജന്തര്‍ മന്തറിലേക്ക് എത്താൻ അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലിസ് തടയാന്‍ ശ്രമിച്ചാല്‍, തടയുന്നിടത്തെ ജന്തര്‍ മന്തറാക്കി മാറ്റി സമരം തുടരാനാണ് സിജെപിയുടെ ആഹ്വാനം.